01:32pm 12 May 2026
NEWS
ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി
12/05/2026  11:31 AM IST
nila
ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി

ആഗോള അനിശ്ചിതത്വങ്ങൾക്കിടെ ഇന്ത്യൻ രൂപയ്ക്ക് വീണ്ടും കനത്ത തിരിച്ചടി. ഇന്നു രാവിലെ ഡോളറിനെതിരെ രൂപ 95.55 എന്ന നിരക്കിലെത്തി. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ 95.4325 എന്ന മുൻ റെക്കോഡും ഇതോടെ മറികടന്നു. മുൻ ക്ലോസിങ്ങിനെ അപേക്ഷിച്ച് ഏകദേശം 0.2 ശതമാനം ഇടിവാണ് ഉണ്ടായത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും യുഎസ്–ഇറാൻ വെടിനിർത്തൽ കരാറിനെ ചുറ്റിപ്പറ്റിയ അനിശ്ചിതത്വവും രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്. 

യുഎസ്–ഇറാൻ സംഘർഷമാണ് വിപണിയിലെ ആശങ്കകൾക്ക് പ്രധാന കാരണം. ഇറാനുമായുള്ള സമാധാന ശ്രമങ്ങൾ പരാജയപ്പെടുമെന്ന ഭീതിയാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനയും ആശങ്ക വർധിപ്പിച്ചു. ഇറാനുമായുള്ള സമാധാന കരാർ “ലൈഫ് സപ്പോർട്ടിൽ” ആണെന്നും, അമേരിക്ക മുന്നോട്ടുവച്ച നിർദ്ദേശങ്ങളോടുള്ള ഇറാന്റെ പ്രതികരണം അർഥശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, ആഗോള ക്രൂഡ് ഓയിൽ വിലയും കുത്തനെ ഉയർന്നു. ബാരലിന് ഏകദേശം 105 ഡോളർ വരെ എണ്ണവില ഉയർന്നതോടെ ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് കൂടുതൽ സമ്മർദമുണ്ടാകുമെന്ന വിലയിരുത്തലാണ് സാമ്പത്തിക വിദഗ്ധർ നടത്തുന്നത്. രൂപയുടെ മൂല്യത്തകർച്ചയും ഉയർന്ന എണ്ണവിലയും ഇന്ത്യൻ ഓഹരി വിപണിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 

നിഫ്റ്റി 50 സൂചിക 0.44 ശതമാനം ഇടിഞ്ഞ് 23,712.2 ലും, ബിഎസ്ഇ സെൻസെക്‌സ് 0.56 ശതമാനം താഴ്ന്ന് 75,590.56 ലും എത്തി. പ്രധാന 16 മേഖലകളിൽ പത്തെണ്ണം നഷ്ടത്തിലായിരുന്നു. ബ്രോഡർ മാർക്കറ്റുകളിലും സമ്മർദം പ്രകടമായി; സ്‌മോൾ-ക്യാപ് സൂചിക 0.5 ശതമാനവും മിഡ്-ക്യാപ് സൂചിക 0.3 ശതമാനവും ഇടിഞ്ഞു.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് എണ്ണവില വർധന വലിയ വെല്ലുവിളിയാണ്. ഉയർന്ന ഇന്ധനവില പണപ്പെരുപ്പം കൂട്ടാനും സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കാനും സാധ്യതയുണ്ട്. കമ്പനികളുടെ പ്രവർത്തന ലാഭത്തെയും ഇത് ബാധിക്കുമെന്ന ആശങ്ക വിപണിയിൽ ശക്തമാണ്. പശ്ചിമേഷ്യയിലെ സംഘർഷം എത്രത്തോളം നീളുമെന്നതും അതിന്റെ ആഘാതം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ എത്രത്തോളം പ്രതിഫലിക്കുമെന്നതും ഇനി നിർണായകമായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img